പാലക്കാട് ചിറ്റൂരിൽ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരൻ സുഹാനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോയതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സാധാരണ കുട്ടികൾ തമ്മിലുള്ള പിണക്കമെന്ന് കരുതിയെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ എത്താത്തതോടെയാണ് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. സംഭവമറിഞ്ഞ് വിദേശത്തുള്ള പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചു.
പോലീസ് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. കുട്ടിയെ കണ്ടെത്താനായി പോലീസിനൊപ്പം നാട്ടുകാരും സജീവമായി രംഗത്തുണ്ട്.