ഷാർജയിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ശാസ്‌താംകോട്ട ഡിവൈഎസ്‌പിക്കാണ് നിലവിൽ അന്വേഷണ ചുമതല. ഉടൻ തന്നെ അന്വേഷണ സംഘത്തെ തീരുമാനിക്കും. ഉടൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം. വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിൻ്റെ അച്ഛൻ, സഹോദരി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് വിപഞ്ചികയുടെ വീട്ടുകാരുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. കൂടാതെ വിപഞ്ചികയുടെ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയടക്കം നടക്കുന്നുണ്ട്. വിപഞ്ചികയുടെ അമ്മ മകളുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.