അമേരിക്കയിലെ കാൻസസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രൊഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ് നെബ്രാസ്കയിലെ ഒമാഹയിൽ താമസിച്ചുവരികയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്ന് കാറിൽ ഒമാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയ ഭാഗം മുറിച്ചുകടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പ്രളയജലത്തിൽ ഒഴുകിപ്പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിലാണ് വെങ്കിടേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.