ബെംഗളൂരുവിലെ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ സ്വകാര്യ ഭൂവുടമകളെ പങ്കാളികളാക്കി പുതിയ പാർക്കിങ് നയം നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ). ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ പൊതുപാർക്കിങ്ങിനായി വിട്ടുനൽകുന്ന ഭൂവുടമകൾക്ക് പരമാവധി 35 വർഷം വരെ ഭൂനികുതിയിൽ ഇളവ് നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
ഓൺ-സ്ട്രീറ്റ് പാർക്കിങ്ങിന് പകരം ഓഫ്-സ്ട്രീറ്റ് പാർക്കിങ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജി.ബി.എയും ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസും സംയുക്തമായാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. 2026-ലെ ഗ്രേറ്റർ ബെംഗളൂരു ഏരിയ പാർക്കിങ് നിയമങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി നഗരവികസന വകുപ്പ് വിവിധ ഏജൻസികളുമായി ചർച്ചകൾ നടത്തിവരികയാണ്. എല്ലാ വകുപ്പുകളുടെയും അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും പുതിയ ചട്ടങ്ങൾ പ്രഖ്യാപിക്കുക.
പുതിയ നയം പ്രകാരം ഏകദേശം 200 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഒഴിഞ്ഞ പ്ലോട്ട് പൊതുപാർക്കിങ്ങിനായി വിട്ടുനൽകുന്ന ഉടമകൾക്ക് 35 വർഷം വരെ ഭൂനികുതി ഇളവ് ലഭിക്കും. മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഒരുക്കുന്നവർക്ക് 25 വർഷവും ചെറിയ തോതിലുള്ള മൾട്ടി ലെവൽ പാർക്കിങ് സൗകര്യമുള്ളവർക്ക് 15 വർഷവും നികുതി ഇളവ് നൽകും.
പാർക്കിങ് സൗകര്യം വർഷത്തിൽ കുറഞ്ഞത് 250 ദിവസവും പ്രതിദിനം 12 മണിക്കൂറെങ്കിലും പ്രവർത്തിക്കണം. കൂടാതെ ജി.ബി.എയുമായി തത്സമയ പാർക്കിങ് വിവരങ്ങൾ പങ്കുവെക്കുകയും പാർക്കിങ് പൊതുജനങ്ങൾക്ക് മാത്രമായി ലഭ്യമാക്കുകയും വേണമെന്ന വ്യവസ്ഥയും നിർദേശത്തിലുണ്ട്. ഭൂവുടമകൾക്ക് ഈടാക്കാവുന്ന പാർക്കിങ് ഫീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
ഇതിനൊപ്പം നഗരത്തിലെ സൗജന്യ പൊതുപാർക്കിങ് അവസാനിപ്പിക്കാനും റോഡുകളുടെ തിരക്ക് അനുസരിച്ച് പാർക്കിങ് നിരക്ക് നിശ്ചയിക്കാനും നിർദേശമുണ്ട്. ഏറ്റവും തിരക്കേറിയ ‘കാറ്റഗറി-എ’ റോഡുകളിൽ തെരുവോര പാർക്കിങ്ങിന് മണിക്കൂറിന് കുറഞ്ഞത് 80 രൂപ ഈടാക്കാനാണ് ശുപാർശ. കൂടാതെ മെട്രോ, സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ 150 മീറ്റർ പരിധിക്കുള്ളിൽ പാർപ്പിടമല്ലാത്ത പാർക്കിങ് നിരോധിക്കുന്നതും പ്രധാന റോഡുകളിൽ ‘നോ ടോളറൻസ് സോൺ’ നടപ്പാക്കുന്നതും പുതിയ നയത്തിന്റെ ഭാഗമാകും.