കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ വീടിന് മുകളിലേക്ക് ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ കങ്കനാടിയിലെ നാഗോരി പ്രദേശത്താണ് ദാരുണ അപകടമുണ്ടായത്. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് വീട്ടിനുള്ളിൽ ആറ് പേരുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ മൂന്ന് പേരെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ (48), അൽക (14), അനുഷ (11) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കുന്നിൻ ചരിവിനോട് ചേർന്നിരുന്ന ചുറ്റുമതിൽ തകർന്നുവീണ് താഴെയുള്ള വാടകവീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചതോടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ഇരുപത് വർഷമായി ഇവിടെ താമസിച്ചുവരുന്ന ബിഹാർ സ്വദേശികളുടെ കുടുംബമാണ് ദുരന്തത്തിന് ഇരയായത്. നാല് വാടകവീടുകളുടെ പിൻഭാഗത്തെ മതിലുകൾ തകർന്നതിൽ രണ്ട് കുടുംബങ്ങൾക്കാണ് നേരിട്ട് നാശനഷ്ടമുണ്ടായത്.
സംഭവസ്ഥലം സന്ദർശിച്ച മന്ത്രി യു.ടി. ഖാദർ, പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനവും സുരക്ഷാ പരിശോധനയും തുടരുകയാണ്.