പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയര്‍ത്തി. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. തങ്ങളുടെ സൈന്യം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തും ഖവാജ പറഞ്ഞു.

2 അണുവായുധ ശക്തികൾ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടൽ തീർച്ചയായും ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാൽ അത് പൂർണതോതിലുള്ള യുദ്ധത്തിലേയ്ക്കാകും നീങ്ങുക. അത് ഏറെ ദുരന്തങ്ങൾക്ക് ഇടയാക്കും. എന്നാൽ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖവാജ പറഞ്ഞു. ഏതുരൂപത്തിലുള്ള തീവ്രവാദവും ശക്തമായി എതിർക്കപ്പെടേണ്ടതുമാണെന്നും അപലപിക്കപ്പെടേണ്ടതും അദ്ദേഹം പ്രതികരിച്ചു.

പ്രകോപന പരാമർശവുമായി പാകിസ്‌താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയും രംഗത്തെത്തി. സിന്ധൂനദീജല കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയാൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സിന്ധു നദിയിലെ ജലം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും വെള്ളം ലഭിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.

Related Posts