തെൽഅവീവിൽ ഗസ്സയുമായുള്ള യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് കുറ്റൻ റാലി, കരാറിൽ ഏർപ്പെടാതെ ഇസ്രായേൽ നൂറ്റാണ്ടിൻ്റെ അവസരം നഷ്ടപ്പെടുത്തുകയാണെന്ന് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറത്തിൻ്റെ നേത്യത്വത്തിലാണ് ഇസ്രായേലിനെ വിറപ്പിച്ച റാലി നടത്തിയത്. പ്രക്ഷോഭകർ ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ഓർമിപ്പിച്ചു; റാലിയിൽ റിസർവ് സൈനികരിൽ ചിലരും പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ആക്രമണം വീണ്ടും ഗസ്സയിൽ ശക്തമാക്കുകയും ഉപരോധം കടുപ്പിക്കുകയും ചെയിതതോടെ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പറയുന്ന ബന്ദികളുടെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളായ എൽക്കാന ബോബോട്ടിൻ്റെയും യോസെഫ് ഹൈം ഒഹാനയുടെയും വിഡിയോ ആണ് ഹമാസ് പ്രസിദ്ധീകരിച്ചത്. ഇത് പുറത്തിറക്കിയതിന് മണിക്കൂറുകൾക്കകമാണ് ഇസ്രായേലിൽ കൂറ്റൻ പ്രകടനം നടന്നത്.
ഇരുവരുടെയും കുടുംബങ്ങൾ ക്ലിപ്പ് സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി നൽകിയിരുന്നു. ബോബോട്ടിൻ്റെ ശാരീരിക, മാനസിക ആരോഗ്യനില ഗുരുതരമാണെന്നും സ്വയം ഉപദ്രവിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും ഒപ്പമുള്ള ഒഹാന പറയുന്നത് വിഡിയോയിൽ കാണാം പുതപ്പിനടിയിൽ കിടക്കുന്ന ബോബോട്ടിൻ്റെ അരികിൽ ഒഹാന നിലത്ത് ഇരിക്കുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.