ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ വീണ്ടും ആക്രമണം. എം.ടി. ലൂയിസ് 1 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ 27 ഇന്ത്യക്കാരുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ കപ്പലിൻ്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായി. ഇതോടെ കപ്പലിൻ്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. എന്നാൽ ജീവനക്കാർ തന്നെ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നീട് കപ്പൽ യാത്ര പുനരാരംഭിച്ചു.
ഫെബ്രുവരിയിൽ മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിൽ ലിംപെറ്റ് മൈനുകൾ ഉപയോഗിച്ച് നടത്തുന്ന ആദ്യ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. ഒമാനിലെ ഖസബിൽനിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നത്. ബ്രിട്ടീഷ് നാവികസേനയുടെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വിഭാഗമാണ് വിവരം പുറത്തുവിട്ടത്.