നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിൻ്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു.

അഭിമാനകരമായ പോരാട്ടം നടത്തി കേരളത്തിന് 2 സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു. 35 വയസ് പ്രായമുണ്ട് ഡോ. അനുവിന്. അതേസമയം ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുത്തവരെല്ലാം 25ല്‍ താഴെ പ്രായമുള്ളവരായിരുന്നു. ‘വെറുതേ ഇടിമേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന്’ പലരും അടക്കം പറഞ്ഞ് ചിരിച്ചു.

ഭര്‍ത്താവ് ജിഷ്ണു ആത്മവിശ്വാസം നല്‍കി. ഫെഡറല്‍ ബാങ്ക് മാനേജര്‍ ആണ് ജിഷ്ണു. പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കുഴപ്പമില്ല, ടൈം ഔട്ട് വിളിച്ച് മതിയാക്കാന്‍ ഉപദേശിച്ചു. അതേസമയം മത്സരത്തിനായി ബോക്‌സിംഗ് കളത്തിലേക്ക് ഇറങ്ങിയതോടെ കളിയാക്കിയവര്‍ വിയര്‍ത്തു. ഡോ. അനുവിൻ്റെ കിക്കുകള്‍ തടുക്കാനാകാതെ അവരെല്ലാം തോറ്റു.

Related Posts