ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമൻസിൻ്റെ പകർപ്പ് പുറത്ത്. വിവേക് കിരൺ, “സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം” എന്ന വിലാസത്തിലാണ് സമൻസ് അയച്ചത്. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനോടനുബന്ധിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തിനിടെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തിയതിൻ്റെ ഭാഗമായി തന്നെയാണിത് അയച്ചതെന്ന് സൂചനയുണ്ട്.
2023 ഫെബ്രുവരി 14ന് 10.30ന് ഹാജരാകാനായി കൊച്ചി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി. കെ. ആനന്ദ് രാവിലെ സമൻസ് പുറപ്പെടുവിച്ചു. എന്നാൽ വിവേക് ഹാജരായില്ല. അതേ ഓഫിസിൽ മൂന്നു ദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷം അന്നേ രാത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.