തൃശൂർ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണ സംഘത്തിന്‍റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്നും നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

പൂരം അലങ്കോലമായതിൻ്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവർത്തകരാണെന്നും ഇതനുസരിച്ചാണ് താൻ ആംബുലൻസിൽ സംഭവസ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നൽകിയതായാണ് വിവരം. നിലവിൽ കേസന്വേഷണം അവസാനഘട്ടത്തിലാണ്. നേരത്തേ മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.

Related Posts