വയനാടിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവക്കായി തിരിച്ചിൽ ഊർജ്ജിതം. ഏകദെശം അഞ്ച് വയസ്സോളം പ്രായമുള്ള വന്യജീവി സങ്കേതത്തിലെ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ നാട്ടുകാർ കണ്ടത്. വിനു എന്ന ആളാണ് തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്. ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പടിക്കംവയലിൽ ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടത്.
പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്ന് കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞു. കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് പോയത്. പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. കാൽപ്പാടുകൾ കടുവയുടെതാണെന്ന് കണ്ടെത്തി.
ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം വന്നതോടെ പച്ചിലക്കാട് പ്രദേശത്തെ കടകമ്പോളങ്ങൾ തുറന്നെങ്കിലും ആളുകൾ പുറത്തിറങ്ങാതെയായി. പച്ചിലക്കാട്ടെ ജനവാസ കേന്ദ്രത്തിൽ കടുവ എങ്ങനെയെത്തി എന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. പ്രദേശങ്ങളിൽ അധികവും വയൽ പ്രദേശമാണ്. അതുകൊണ്ടുതന്നെ കടുവക്ക് വനപ്രദേശമായ നടവയൽ-നെയ്ക്കുപ്പയിൽ നിന്ന് എളുപ്പത്തിലെത്തിച്ചേരാൻ കഴിയുമെന്നാണ് വിലയിരുത്തൽ.