കേന്ദ്രസര്‍ക്കാര്‍ വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു . ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. 16 പദ്ധതികള്‍ക്കായി 529.50 കോടി രൂപയുടെ കാപെക്സ് വായ്പയാണു കേന്ദ്രം അനുവദിച്ചത്.

അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയക്കണം. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളുടെ പുനര്‍നിര്‍മാണത്തിനു സഹായത്തിനു പകരമാണ് പലിശരഹിത വായ്പ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.

2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണം എന്നും കേന്ദ്രത്തിൻ്റെ കത്തില്‍ പറയുന്നുണ്ട് . ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31ന് മുന്‍പായി പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംപേഴ്സ്മെൻ്റിന് സമര്‍പ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കില്‍ കേന്ദ്രം നല്‍കിയ വായ്പ പുനര്‍നിര്‍മാണത്തിന് എത്രത്തോളം സഹായകരമാകുമെന്നതില്‍ വ്യക്തതയില്ല.

പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വായ്പ അനുവദിച്ച് അറിയിപ്പു ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.

Related Posts