ഇടുക്കി കട്ടപ്പനയിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശികളും ഇടുക്കിയിൽ പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരുന്നവരുമായ മുരുകേശ്വരി രമേശ്, മകൻ ശരൺകുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

അയൽവീട്ടിൽ താമസിച്ചിരുന്നവർ ജനുവരി 23-ന് ആശുപത്രി ആവശ്യത്തിനായി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ആ സമയത്താണ് ഇവർ 9.5 പവൻ സ്വർണ്ണം കവർന്നത്. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണ്ണം മോഷണം പോയ കാര്യം മനസിലാക്കുന്നത്.

തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുകാർ പുറത്തുപോവുമ്പോൾ താക്കോൽ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികൾ സ്വർണ്ണം കൈക്കലാക്കുകയായിരുന്നു എന്ന് കണ്ടെത്തി.

കവർന്ന സ്വർണ്ണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് പ്രതികൾ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

Related Posts