രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
‘അദ്ദേഹത്തിൻ്റെ പ്രത്യേക ഉപദേശത്തിന് നന്ദി. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതു പോലെ പരാതിയോ കേസോ ഇല്ലെങ്കിലും ധാർമ്മികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിൻ്റെ പേരിലും ഞങ്ങൾ രാഹുലിനെതിരെ നടപടിയെടുത്തു. പാർട്ടിക്ക് എടുക്കാവുന്ന ഏറ്റവും വലിയ നടപടിയെടുത്ത് മാറ്റിനിർത്തി’- വി ഡി സതീശൻ വ്യക്തമാക്കി.

”എൻ്റെ നേരെ വിരൽ ചൂണ്ടിയ മുഖ്യമന്ത്രിയോട് പറയാനുള്ളത്, ബാക്കി 4 വിരലുകളും അദ്ദേഹത്തിൻ്റെ നേരെയാണ് ചൂണ്ടിയിരിക്കുന്നത് എന്നാണ്. ആരെയൊക്കെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കുന്നത്. ലൈംഗിക അപവാദക്കേസിൽപ്പെട്ട രണ്ടുപേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി ഉന്നയിച്ച കേസിലെ പ്രതിയാകേണ്ടയാൾ, സിപിഎമ്മിലെ ഏറ്റവും സീനിയർ നേതാവ്, പരാതി പൊലീസിന് കൊടുക്കാതെ പാർട്ടി കോടതിയാക്കി മാറ്റുകയും ആളെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഒപ്പം നിർത്തുകയും ചെയ്തു. പരാതി കൊടുത്തതിൻ്റെ പേരിൽ ആ നേതാവിനെ മുഖ്യമന്ത്രി മാറ്റിനിർത്തി. നിയമസഭയിലെ ഒരു എംഎൽഎ ബലാത്സംഗ കേസ് പ്രതിയാണ്. ഒരു നടപടിയും അദ്ദേഹത്തിനെതിരെ എടുത്തില്ല. അതിനും മുഖ്യമന്ത്രി സംരക്ഷണം നൽകുന്നു.” വി ഡി സതീശൻ പറഞ്ഞു.

Related Posts