ഫിഡെ സംഘടിപ്പിക്കുന്ന 2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്‍ഷം ഗോവയില്‍ നടക്കും. ഫിഡെ ലോകകപ്പ് 23 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്. ഇതിന് മുന്‍പ് 2002ലാണ് ഫിഡെ ലോകകപ്പ് ഇന്ത്യയില്‍ നടന്നത്. അന്ന് ഹൈദരാബാദിലായിരുന്നു ടൂര്‍ണ്ണമെന്‍റ് നടന്നത്. ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന ഈ ടൂര്‍ണ്ണമെന്‍റ് ഒക്ടോബര്‍ 30ന് ആരംഭിക്കും.

ഇന്ത്യയിലെ വേദി ഗോവയായിരിക്കുമെന്ന് ഇന്നലെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. നവമ്പര്‍ 27 വരെയായിരിക്കും മത്സരം. ലോകത്തിലെ മികച്ച 206 താരങ്ങള്‍ ഈ വര്‍ഷം പങ്കെടുക്കും. ഒരു നോക്കൗട്ട് ടൂര്‍ണ്ണമെന്‍റായ ഫിഡെ ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 3 താരങ്ങളായിരിക്കും 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. നിലവിലെ ലോകചാമ്പ്യനായ ഡി.ഗുകേഷിനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്.

Related Posts