ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ശക്തരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി കേപ് വെർദെ ചരിത്ര നേട്ടം സ്വന്തമാക്കി. പ്രതിരോധത്തിൽ അസാധാരണ മികവ് കാട്ടിയ കേപ് വെർദെ, മുഴുവൻ മത്സരവും സ്പാനിഷ് ആക്രമണങ്ങളെ ചെറുത്തുനിന്നു.

ആദ്യ പകുതിയിൽ തന്നെ സ്പെയിൻ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. കേപ് വെർദെയുടെ പ്രതിരോധ നിരയും ഗോൾകീപ്പർ വോസിഞ്ഞയുടെ തകർപ്പൻ സേവുകളും സ്പെയിന്റെ മുന്നേറ്റങ്ങൾക്ക് തടസ്സമായി. മത്സരത്തിനിടെ സ്പെയിൻ സൃഷ്ടിച്ച മൂന്ന് മികച്ച അവസരങ്ങളും വോസിഞ്ഞ അതിസാഹസികമായി തടഞ്ഞു.

മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ മാത്രമാണ് യുവതാരം ലാമിൻ യമാൽ കളത്തിലിറങ്ങിയത്. എങ്കിലും സ്പെയിന് വിജയഗോൾ കണ്ടെത്താനായില്ല. കഴിഞ്ഞ 18 മാസത്തിനിടെ ഒരു മത്സരത്തിൻ്റെ ആദ്യ പകുതിയിൽ സ്പെയിൻ ഗോൾ നേടാതെ അവസാനിപ്പിക്കുന്നത് ഇതാദ്യമായിരുന്നു. ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ തന്നെ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ച കേപ് വെർദെ, ടൂർണമെന്റിലെ ശ്രദ്ധേയ പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചത്.

……………………

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തും ബെൽജിയവും 1-1 സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റോമേലു ലുകാകുവിൻ്റെ സ്വാധീനമാണ് ബെൽജിയത്തിന് തോൽവിയിൽ നിന്ന് രക്ഷയായത്. 19-ാം മിനിറ്റിൽ മുഹമ്മദ് സലായുടെ അസിസ്റ്റിൽ ഇമാം അഷൂർ നേടിയ മനോഹര ലോംഗ് റേഞ്ചറിലൂടെ ഈജിപ്ത് ലീഡ് നേടി. ആദ്യ പകുതിയിൽ ബെൽജിയത്തിൻ്റെ ആക്രമണങ്ങളെ ശക്തമായ പ്രതിരോധത്തിലൂടെ തടഞ്ഞുനിർത്താൻ ഈജിപ്തിന് സാധിച്ചു.

രണ്ടാം പകുതിയിൽ ലുകാകുവിനെ കളത്തിലിറക്കിയതോടെ ബെൽജിയത്തിൻ്റെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ചയെത്തി. താരം ഇറങ്ങി സെക്കൻഡുകൾക്കകം തന്നെ ബെൽജിയം സമനില കണ്ടെത്തി. തോമസ് മ്യൂനിയറുടെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്കാണ് കയറിയത്.

അവസാന നിമിഷങ്ങളിൽ ഇരുടീമുകൾക്കും വിജയഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനം മത്സരം 1-1 സമനിലയിൽ അവസാനിപ്പിച്ചു. ലോകകപ്പിലെ ആദ്യ വിജയം തേടിയെത്തിയ ഈജിപ്തിന് കാത്തിരിപ്പ് തുടർന്നപ്പോൾ, ബെൽജിയം വിലപ്പെട്ട ഒരു പോയിന്റുമായി മടങ്ങി.

Related Posts