ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിക്കും. കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത് കെസിഎല്ലിലെ റെക്കോഡ് തുകയായ 26.80 ലക്ഷത്തിനാണ്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു. സഞ്ജുവിന്‍റെ അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്നു. സഞ്ജുവിന്‍റെ ആദ്യ കെസിഎല്‍ സീസണാണിത്.

സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത് 5 ലക്ഷത്തില്‍ നിന്നാണ്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. എങ്കിലും തൃശൂര്‍ ടൈറ്റന്‍സ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫര്‍ ചെയ്ത് താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്‌സ് 26.80 രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആദ്യ കെസിഎല്ലില്‍ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്‍റെ വരവ് ലീഗിന് ഉണര്‍വാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കി. ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. തിരുവനന്തപുരം റോയല്‍സിന് വേണ്ടി പേസര്‍ ബേസില്‍ തമ്പി കളിക്കും. ബേസില്‍ 8.4 ലക്ഷത്തിലാണ് തിരുവനന്തപുരത്തെത്തിയത്. തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി ഷോണ്‍ റോജര്‍ കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്.

സിജോമോന്‍ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. 3 ലക്ഷത്തിന് വിനൂപ് മനോഹരനെ കൊച്ചി സ്വന്തമാക്കി. എം എസ് അഖിലിനെ 8.40 ലക്ഷം മടക്കി കൊല്ലം ടീമിലെത്തിച്ചു. അഭിജിത് പ്രവീണ്‍ 4.20 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സിലെത്തി.

Related Posts