സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ (ജൂലൈ 24) മുതൽ ആരംഭിക്കും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

നിലവിൽ 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. കൂടാതെ 8,46,456 പേർക്ക് ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ഭാഗമായി പെൻഷനും ലഭിക്കുന്നുണ്ട്.

അടുത്ത മാസം മൂന്നിനകം മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. അതേസമയം, പെൻഷൻ വിതരണം തടസപ്പെടാതിരിക്കാൻ വായ്പ സമാഹരിക്കുന്നതിനായി മുൻ സർക്കാർ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.

പെൻഷൻ വിതരണത്തിനായി 9 ശതമാനം പലിശനിരക്കിൽ 3,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 1,325 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. സർക്കാർ നൽകാനുള്ള തുക തിരിച്ചുകിട്ടുന്നതിൽ കാലതാമസം നേരിടുന്നതായി സഹകരണ സംഘങ്ങൾ പരാതിപ്പെട്ടിരുന്നു.

ഇതിനിടെ, പെൻഷൻ വിതരണത്തിനായി പുതിയ കൺസോർഷ്യം രൂപീകരിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ കൺസോർഷ്യം പിരിച്ചുവിടാനുള്ള നടപടി സ്വീകരിച്ചത്.

Related Posts