കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ മാതാവ് നിവേദ്യയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ഡിവൈഎസ്പി ശശിധരൻ അറിയിച്ചു. ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളുടെ മരണത്തിൽ സംശയം ഉണ്ടായിരുന്നുവെന്ന് അച്ഛൻ ജോൺകുമാർ പറഞ്ഞു. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന തോന്നലാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണതാണെന്നായിരുന്നു ആദ്യം പൊലീസിൻ്റെ നിഗമനം. കുട്ടികളെ വെള്ളത്തൊട്ടിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട നാട്ടുകാർ ഉടൻ അത്താണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ജെന്നിഫർ മേനോൻപാറ യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായിരുന്നു.

Related Posts