മുണ്ടക്കയം ചോറ്റിയിൽ ഒൻപത് പേർക്ക് പരിക്കേറ്റ വാഹനാപകടം മനഃപൂർവം സൃഷ്ടിച്ചതെന്ന് പൊലീസ്. കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോൺ (27) ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു.
ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ഷാരോൺ ഓടിച്ച ബൊലേനോ കാർ ആദ്യം എതിരെ വന്ന കാറിലിടിക്കുകയും തുടർന്ന് മറ്റ് മൂന്ന് കാറുകൾ, ഒരു സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവയിലും ഇടിക്കുകയുമായിരുന്നു. വഴിയാത്രക്കാരൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്.
ആദ്യം സാധാരണ അപകടമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്. കണ്ണടച്ച് വാഹനം ഓടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഷാരോൺ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. പരിക്കേറ്റ ഷാരോൺ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.