ഇന്ത്യ പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായി ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) കേന്ദ്രത്തിലാണ് ട്രെയിൻ നിർമാണം പുരോഗമിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി.

ബി-28 എന്ന പേരിലുള്ള ട്രെയിനിന് പരീക്ഷണവേളയിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകും. വാണിജ്യ സർവീസിലെ പരമാവധി വേഗം മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. എട്ട് കോച്ചുകളുള്ള ട്രെയിനിൽ ഏകദേശം 557 യാത്രക്കാർക്ക് സഞ്ചരിക്കാം. ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുമാണ് ഉണ്ടാകുക.

ട്രെയിനിൻ്റെ ആദ്യ കോച്ചിൻ്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘സ്ക്വീസ് ടെസ്റ്റ്’ അവസാനഘട്ടത്തിലാണ്. തുടർന്ന് മറ്റ് സാങ്കേതിക സംവിധാനങ്ങളും കാലാവസ്ഥാ പരിശോധനകളും പൂർത്തിയാക്കും. ആദ്യ ട്രെയിൻ 2027 ആദ്യ പാദത്തോടെ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ മുംബൈ–അഹമ്മദാബാദ് ഇടനാഴിയിലെ സൂറത്ത്–വാപി 97 കിലോമീറ്റർ പാതയിൽ 2027 ഓഗസ്റ്റിൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Related Posts