മയക്കുമരുന്നിൻ്റെ ദുരന്തങ്ങളും കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രമേയമാക്കി ഒരുക്കിയ ‘ഭ്രാന്തിപ്പൂവ്’ നാടകം പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറി. കേരളീയം മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകാവതരണം കുടുംബാംഗങ്ങളുടെ നിറഞ്ഞ സദസ്സിലാണ് നടന്നത്.

സുരേഷ് പാൽകുളങ്ങര രചന നിർവഹിച്ച നാടകം രഞ്ജിത്താണ് സംവിധാനം ചെയ്തത്. മകളുടെ ഭാവി സ്വപ്നം കണ്ട് ജീവിക്കുന്ന ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ അച്ഛൻ്റെയും മകൾ ശ്രുതിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സാധാരണക്കാരെ പലിശയുടെ കെണിയിൽപ്പെടുത്തി ചൂഷണം ചെയ്യുന്ന പണമിടപാടുകാരൻ, പ്രതിസന്ധികളിൽ സഹായവുമായി എത്തുന്ന സൗഹൃദത്തിൻ്റെ പ്രതീകമായ സോണി തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിൽ ശ്രദ്ധേയമായി.

മയക്കുമരുന്നിൻ്റെ കടന്നുകയറ്റം വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക അടിത്തറയെയും എങ്ങനെ തകർക്കുന്നുവെന്ന ഗൗരവമേറിയ വിഷയമാണ് നാടകം അവതരിപ്പിച്ചത്. സ്നേഹവും സൗഹൃദവും പരസ്പര കരുതലും കൈവിടാതെ പ്രതിസന്ധികളെ അതിജീവിക്കാമെന്ന സന്ദേശവും നാടകം മുന്നോട്ടുവച്ചു.

എസ്.കെ.നായർ, സുധാകരൻ രാമന്തളി, കെ.ആർ. കിഷോർ, വിഷ്ണുമംഗലം കുമാർ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു.

drama78

Related Posts