കൃത്രിമ ബുദ്ധി (AI) ഇന്നത്തെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിൻ്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് കാലത്തിൻ്റെ ആവശ്യകതയാണെന്നും
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാറിൽ
‘കൃത്രിമ ബുദ്ധി: മനുഷ്യൻ്റെ സഹയാത്രികനോ, പകരക്കാരനോ’ എന്ന വിഷയത്തിൽ ഷൈലേഷ് കുമാർ. എസ്.കെ.മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.
പ്രഭാഷണത്തിൽ, കൃത്രിമ ബുദ്ധി എന്താണ്? അത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? ആരോഗ്യരംഗം, വിദ്യാഭ്യാസം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ അതിൻ്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? എന്നിവ വിശദീകരിച്ചു. അതോടൊപ്പം വ്യാജവാർത്തകൾ, വ്യാജചിത്രങ്ങൾ, സ്വകാര്യതാ പ്രശ്നങ്ങൾ തുടങ്ങിയ AI സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും കുറിച്ച് അവബോധം നൽകി. AI-യെ ഭയപ്പെടേണ്ടതല്ല, മറിച്ച് ശരിയായ രീതിയിൽ ഉപയോഗിക്കാൻ പഠിക്കുകയാണ് വേണ്ടതെന്നും, വരുംകാലത്ത് AI ഫലപ്രദമായി ഉപയോഗിക്കാൻ അറിയുന്നവർക്കായിരിക്കും കൂടുതൽ അവസരങ്ങളും പ്രാധാന്യവും ലഭിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. AI ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക, സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു.
സാങ്കേതികവിദ്യയെ മനുഷ്യൻ്റെ സഹായി എന്ന നിലയിൽ സ്വീകരിച്ചുകൊണ്ട്, അതിൻ്റെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും അതോടൊപ്പം ജാഗ്രത പാലിക്കാനും സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ ബുദ്ധിക്ക് മനുഷ്യൻ്റെ പകരക്കാരനാകാൻ ഒരിക്കലും സാധിക്കില്ലെന്നും, മനുഷ്യൻ്റെ ചിന്തകൾക്കപ്പുറം Al ക്ക് എത്തിച്ചേരാൻ സാധിക്കില്ലെന്നും ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രകൽപ്. പി. പി. അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റകൾ ചോർന്നു പോകാതിരിക്കാൻ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യൻ ടെക്നോളജി വളർത്തിയെടുക്കണമെന്നും അഭിപ്രായപ്പെട്ടു
പി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ഡെന്നിസ് പോൾ, സി.കുഞ്ഞപ്പൻ, രവിദാസ്, ആർ.വി. പിള്ള, ജോഷി, പൊന്നമ്മദാസ്, ഗീത.പി, കല്പന പ്രദീപ്, പ്രതിഭ.പി പി എന്നിവർ സംസാരിച്ചു
ജോഷി, ഗ്രേസി ജോഷി, പ്രതിഭ. പി. പി, ആർ.വി.പിള്ള എന്നിവർ കവിതയും ഗാനങ്ങളും ആലപിച്ചു.
പ്രദീപ്.പി.പി നന്ദി പറഞ്ഞു