ഇത് വെറുമൊരു ക്രിസ്‌തുമസ്‌ ട്രീയല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കരുതലിൻ്റെയും സർഗ്ഗാത്മകതയുടെയും വിസ്മയക്കാഴ്ചയാണ്. ബെംഗളൂരു പ്രിംറോസ് റോഡ് മാർത്തോമ്മാ ഇടവകയാണ് ഇത്തവണത്തെ ക്രിസ്‌തുമസ്‌ ആഘോഷങ്ങളിൽ വിപ്ലവകരമായ ഒരു പരിസ്ഥിതി സൗഹൃദ മാതൃക തീർത്തിരിക്കുന്നത്.

ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്‌തുമസ്‌ ട്രീയാണ് ഇപ്പോൾ ബെംഗളൂരുവിലെ സംസാരവിഷയം. വർഷങ്ങളായി തുടർന്നുപോരുന്ന പ്രകൃതി സൗഹൃദ പാരമ്പര്യം ഇത്തവണയും പള്ളി ഭംഗിയായി നിലനിർത്തി. ഇടവകാംഗങ്ങൾ നൽകിയ പഴയ തുണികളും, തയ്യൽക്കടകളിൽ നിന്നും ഗാർമെന്റ് യൂണിറ്റുകളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് പള്ളിക്കകത്തെ ആകർഷകമായ ക്രിസ്മസ് അലങ്കാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ‘മാലിന്യത്തിൽ നിന്ന് മനോഹാരിതയിലേക്ക്’ എന്ന വലിയ സന്ദേശമാണ് ഈ സർഗ്ഗാത്മകമായ നിർമതിയിലുടെ ഇടവക ലോകത്തിന് നൽകുന്നത്.

കരോൾ സർവീസ്: ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പള്ളിയിൽ വെച്ച് നടക്കുന്ന കരോൾ സർവീസിൽ ഈ ക്രിസ്‌തുമസ്‌ വിസ്മയം അനാവരണം ചെയ്യപ്പെടും. സൺഡേ സ്കൂൾ കുരുന്നുകൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്ന 9 വ്യത്യസ്ത ക്വയറുകൾ ക്രിസ്‌തുമസിൻ്റെ മഹത്തായ സന്ദേശം ഗാനങ്ങളിലൂടെ അവതരിപ്പിക്കും. ‘പുൽകൂട്ടിലെ പിറവി : ഒരു പുനർ വ്യാഖ്യാനം’ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം.

ഇടവക വികാരി റവ. ബോബി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, വൈറ്റ്ഫീൽഡ് സെൻ്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷിജു തോമസ് ക്രിസ്‌തുമസ്‌ സന്ദേശം കൈമാറും. സഹ വികാരിമാരായ റവ. മഞ്ജുഷ് എബിൻ കോശി, റവ. ജോബിൻ ടി എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കൺവീനർ സോണി കുര്യൻ അറിയിച്ചു.

Related Posts