ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ജേതാക്കള്‍. ഫൈനലില്‍ ഹരിയാനയെ 69 റണ്‍സിന് പരാജയപ്പെടുത്തി കിരീടം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. ഇത് മറികടക്കാനിറങ്ങിയ ഹരിയാന പോരാട്ടം 18.3 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു.
സെഞ്ചുറി നേടിയ ജാര്‍ഖണ്ഡിൻ്റെ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ കളിയിലെ താരമായി. 49 പന്തില്‍ ആറ് ബൗണ്ടറികളും പത്ത് സിക്‌സറുമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ 101 റണ്‍സെടുത്തു. ക്യാപ്റ്റനൊപ്പം അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി കുമാര്‍ കുഷാഗ്രയും (81) മികച്ചു നിന്നു. ജാര്‍ഖണ്ഡ് ബൗളര്‍ സുശാന്ത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. റോബിന്‍ മിന്‍സ്(31), അങ്കുല്‍ റോയ്(40) എന്നിവര്‍ പുറത്താകാതെ നിന്നു. സുമിത് കുമാറും അന്‍ഷുല്‍ കാംബോജും ഹര്യാനയ്‌ക്കായി ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹരിയാനക്കുവേണ്ടി യശ്വര്‍ദ്ധന്‍ ഡലാല്‍(53), നിഷാന്ത് സിന്ധു(31), സാമന്ത് ജാഖര്‍(38) എന്നിവര്‍ മാത്രമാണ് പോരുതിയത്.