അവയവദാനത്തിലൂടെ പന്ത്രണ്ട് പേർക്ക് പുതുജീവൻ പകർന്ന് ഒൻപത് വയസ്സുകാരൻ ദേവപ്രായാഗും കവടിയാർ സ്വദേശി ദിവാകറും യാത്രയായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മസ്തിഷ്ക മരണം സംഭവിച്ച ഇവരുടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ദാനം ചെയ്തത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ദേവപ്രായാഗിന് ഗുരുതരമായി പരിക്കേറ്റത്. ഇതേ അപകടത്തിൽ കുട്ടിക്ക് തൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനെയും കുടുംബ സുഹൃത്തിനെയും നഷ്ടമായിരുന്നു. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ദേവപ്രായാഗിൻ്റെ അവയവങ്ങൾ ഏഴുപേർക്കാണ് തുണയായത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കരളും ഒരു വൃക്കയും വിജയകരമായി മാറ്റിവെച്ചു. ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവ തുടർന്നുള്ള ശസ്ത്രക്രിയകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്ന് കുട്ടിക്ക് അന്ത്യോപചാരം അർപ്പിച്ചു.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കവടിയാർ സ്വദേശി ദിവാകർ എസ്. രാജേഷിൻ്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഇതിലൂടെ അഞ്ചുപേർക്കാണ് ജീവൻ തിരിച്ചുപിടിക്കാനായത്. ദിവാകറിൻ്റെ സംസ്കാരം ഇന്ന് ജവഹർ നഗറിലെ വസതിയിൽ നടക്കും.