ബെംഗളൂരുവിൽ കാണാതായ കൗമാരക്കാരനെ മണിക്കൂറുകൾക്കകം സുരക്ഷിതമായി കണ്ടെത്തി. ബാംഗ്ലൂർ സിറ്റി പോലീസിൻ്റെയും കേരള സമാജം പ്രവർത്തകരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായമായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കളിക്കാനായി വീട്ടിൽ നിന്ന് സൈക്കിളിൽ പോയ കൗമാരക്കാരൻ രാത്രി 8.30 കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെയാണ് മാതാപിതാക്കൾ ആശങ്കയിലായത്. തുടർന്ന് അവർ കേരള സമാജം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൻ്റെഗൗരവം മനസ്സിലാക്കിയ കേരള സമാജം പ്രവർത്തകർ ഉടൻ തന്നെ ഹെന്നൂർ പോലീസിനെ വിവരം അറിയിച്ചു. ഹെന്നൂർ സബ് ഇൻസ്പെക്ടർ പരശുറാമിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചു. കേരള സമാജം കൊത്തനൂർ യൂണിറ്റ് കൺവീനർ ജെയ്സൺ ലുക്കോസ്, സെൻട്രൽ കമ്മിറ്റി അംഗം പി.കെ.രഘു, യൂണിറ്റ് അംഗങ്ങളായ ശ്രീകാന്ത്, പോൾ, പവിത്രൻ, കൂടാതെ ബെമ പ്രതിനിധികളും സുഹൃത്തുക്കളും തിരച്ചിലിൽ സജീവമായി പങ്കെടുത്തു.
ആദ്യഘട്ടത്തിൽ കുട്ടിയെ പ്രദേശത്ത് വ്യാപകമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും വ്യാപിപ്പിച്ചു. ഒടുവിൽ എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിലെ ഒരു ഭാഗത്ത് കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ പുലർച്ചെ 3.30ഓടെ സ്റ്റേഷനിലെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഉറങ്ങിക്കിടന്ന നിലയിൽ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.
ആരോഗ്യനില തൃപ്തികരമായിരുന്ന കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സമയോചിതമായി അന്വേഷണം ആരംഭിച്ചതാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ നിർണായകമായതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് തിരച്ചിലിന് നേതൃത്വം നൽകിയ ബാംഗ്ലൂർ സിറ്റി പോലീസിനും ഹെന്നൂർ എസ്.ഐ. പരശുറാമിനും, നാട്ടുകാർ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.