മൂന്ന് സംസ്ഥാനങ്ങളിലായി 21 കൊലപാതകങ്ങൾ നടത്തിയ പ്രതിയെ തിരുപ്പതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 21 കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു.കർണാടക സ്വദേശിയായ അബ്ദുൽ അസീസ് (പി. വിശ്വനാഥാണ് ) ആണ് ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിലായത്.
2018ൽ കേരളത്തിൽ നടന്ന ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്നുമുതൽ കേരള പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അസീസുണ്ട്. ഇതേത്തുടർന്ന് ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഇയാളുടെ സഹായി രാജമ്മ എന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ വിശ്വാസം ആർജ്ജിച്ച ശേഷം കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. കർണാടകയിൽ നാല് കേസുകളിലും കേരളത്തിൽ ആറ് കേസുകളിലും ആന്ധ്രാപ്രദേശിൽ 11 കേസുകളിലും അസീസ് പ്രതിയാണ്.