തമിഴ്‌നാട് സർക്കാർ ഗതാഗത കോർപ്പറേഷനുകൾ ഇനി മുതൽ വാങ്ങുന്ന പുതിയ ബസുകൾ എല്ലാം എയർ കണ്ടീഷൻഡ് (എസി) ആയിരിക്കുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി വിജയ് തമിഴൻ പാർഥിഭൻ അറിയിച്ചു. സാധാരണ ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് ഈ നിർദേശം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും മെച്ചപ്പെട്ട പൊതുഗതാഗത ശൃംഖല വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വിദൂര ഗ്രാമങ്ങളെയും നഗരങ്ങളെയും കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ പുതിയ ബസ് റൂട്ടുകളും ആരംഭിക്കും. എല്ലാവർക്കും ഗുണമേൻമയുള്ള യാത്രാസൗകര്യം ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ദർശനത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവീസ് കാലാവധി പൂർത്തിയായ പഴയ ബസുകൾ ഘട്ടംഘട്ടമായി പിൻവലിച്ച് പകരം ആധുനിക സൗകര്യങ്ങളുള്ള എസി ബസുകൾ നിരത്തിലിറക്കാനാണ് സർക്കാർ തീരുമാനം. കടുത്ത ചൂടിലും ദീർഘദൂര യാത്രകളിലും യാത്രക്കാർക്ക് കൂടുതൽ ആശ്വാസം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനുള്ള വലിയ മാറ്റത്തിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രി വിജയ് തമിഴൻ പാർഥിഭൻ വ്യക്തമാക്കി.

Related Posts