നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു.വിവാഹിതനായ ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി മൗനികയെ കൊലപ്പെടുത്തിയത്. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ദേഗയിൽ ഉദ്യോഗസ്ഥനാണ് രവീന്ദ്ര. വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം.

2021-ൽ രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായെന്നു പോലീസ് വ്യക്തമാക്കി. 2024-ൽ രവിന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയാണ് ഉണ്ടായത്. രണ്ടാഴ്‌ച മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയസമയം കാമുകി മൗനികയെ രവീന്ദ്ര വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രവീന്ദ്ര മൗനികയെ കൊലപ്പെടുത്തുകയുമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി, കുറച്ച് ഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തിച്ച് കളഞ്ഞു. ബാക്കിയുള്ള ശരീരഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്‌ജിൽ സൂക്ഷിച്ചു.

മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും, ഈ ബന്ധത്തെക്കുറിച്ച് ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും പ്രതി പറഞ്ഞു. രവീന്ദ്രയുടെ വിവാഹം കഴിഞ്ഞ നാൾ മൗനിക ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിൽ മനംമടുത്തിട്ടാണ് രവീന്ദ്ര കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്.

Related Posts