എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം വർണ്ണാഭമായ ചടങ്ങുകളോടെ ഫോർച്യൂൺ പാർക്ക് ജെ.പി സെലസ്റ്റിയൽ ഹോട്ടലിൽവെച്ച് നടന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിൽ എത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയൻ പ്രവർത്തകർ ആവേശോജ്വലമായ സ്വീകരണം നൽകി. പത്മഭൂഷൺ ബഹുമതി ലഭിച്ചശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ യൂണിയൻതല സ്വീകരണച്ചടങ്ങായിരുന്നു ഇത്.

യൂണിയൻ ബോർഡ് മെമ്പർ എ.ആർ.രാജേന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് എൻ.ആനന്ദൻ അധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ബോർഡ് കൗൺസിലർ ഷീബ ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂണിയൻ്റെ 25 വർഷത്തെ ചരിത്രവും, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ആദരവും കോർത്തിണക്കിയുള്ള വീഡിയോ പ്രസന്റേഷൻ ചടങ്ങിന് മാറ്റുകൂട്ടി. യൂണിയൻ ഭാരവാഹികളും ശാഖാ പ്രതിനിധികളും ചേർന്ന് വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ചും, വിശിഷ്ടമായി നിർമ്മിച്ച കരകൗശല സ്മരണിക നൽകിയും, പുഷ്പഹാരങ്ങൾ അണിയിച്ചും ആദരിച്ചു. കൂടാതെ യൂണിയൻ്റെ വിജയകരമായ 25 വർഷത്തെ സേവനത്തിന്, യൂണിയൻ കമ്മിറ്റി ഭാരവാഹികൾക്ക് യൂണിയൻ കൗൺസിലർമാർ ചേർന്ന് പ്രത്യേക ‘സിൽവർ ജൂബിലി മെമന്റോ’ നൽകി ആദരിച്ചു..

വിവിധ ശാഖകളിലെ കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, യുവജന വിഭാഗം എന്നിവരുടെ വൻ പങ്കാളിത്തം കൊണ്ട് ചടങ്ങ് സമ്പന്നമായി. യൂണിയൻ വൈസ് പ്രസിഡണ്ടു എൻ.വത്സൻ നന്ദി രേഖപ്പെടുത്തി.

Related Posts