നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്തമരയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് ചെന്താമരയുടെ മൊബൈൽ ഫോൺ ഓണായാതായി കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് ചെന്താമരയുടെ മൊബൈൽ ഫോൺ ഓണായതായിട്ടാണ് പൊലീസ് പറയുന്നത്.

ഫോൺ ഓൺ ചെയ്തത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാദ്ധ്യതയുമുണ്ട്. ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു. തിരുവമ്പാടിയിൽ ഇയാൾ ക്വാറിയിലെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. തിരുവമ്പാടി സിഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഇതുവരെ ഇയാളെ കണ്ടെത്താനായില്ലെന്നാണ് വിവരം. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതി നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. എല്ലാ ഫോൺ നമ്പരുകളും ശേഖരിച്ച് അന്വേഷണം നടത്തുകയാണ്.

നെന്മാറ കൊലക്കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയത്. എട്ട് വെട്ടുകളാണ് സുധാകരൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കഴുത്ത്, തല, കൈ, കാൽ എന്നിവിടങ്ങളിൽ വെട്ടേറ്റിരുന്നു. വലതുകൈ അറ്റ നിലയിലായിരുന്നു. കഴുത്തിൻ്റെ പിറകിലേറ്റ മുറിവാണ് സുധാകരൻ്റെ മരണത്തിന് കാരണം. ലക്ഷ്മിക്ക് 12 വെട്ടുകളാണ് ഏറ്റത്. അതിമാരകമായ മുറിവുകളാണ് ലക്ഷ്മിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കണ്ണിൻ്റെ ഭാഗം മുതൽ ചെവിവരെ നീളുന്ന വെട്ടേറ്റിരുന്നു. ഇതാണ് ലക്ഷ്മിയുടെ മരണകാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്ക്‌കരിച്ചത്. നൂറ് കണക്കിന് ജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തിയിരുന്നു.

Related Posts