രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പു നടത്തുന്നതിനെതിരെ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം പാര്‍ലമെൻ്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടത്തിയിരുന്നത്. കാലക്രമേണ ആ രീതി മാറിയെന്നും ഇപ്പോള്‍ തുടര്‍ച്ചായായ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ അനുബന്ധ ജോലികള്‍ക്കായി അധ്യാപകരെ ഉള്‍പ്പെടെ നിയോഗിക്കേണ്ടിവരുന്നതു രാജ്യത്തെ കുട്ടികളുടെ പഠനത്തെയും പരീക്ഷകളെയുമൊക്കെ ബാധിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്ന് ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒറ്റ തിരഞ്ഞെടുപ്പ് ഭരണകാര്യങ്ങളില്‍ തടസം വരുന്നത് ഒഴിവാക്കാനും കൂടുതല്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാനും സഹായകമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് എന്‍സിസി കേഡറ്റുകളുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒറ്റ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രാജ്യത്തെ സന്നദ്ധ പ്രവര്‍ത്തകരും എന്‍സിസി അംഗങ്ങളും യുവാക്കളും മുന്നോട്ട് തയാറാകണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അമേരിക്കയുള്‍പ്പെടെ മറ്റ് ലോകരാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഇടവേളകളുമായി ഇന്ത്യയിലേത് താരതമ്യം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.