ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരം വിദർശയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് കായിക വകുപ്പിൽ തന്നെ ജോലി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കായികതാരങ്ങളുടെ ആത്മവിശ്വാസവും സ്പോർട്സ്മാൻ സ്പിരിറ്റും ഉൾക്കൊണ്ട് വകുപ്പിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. കായികരംഗത്തെ പ്രവർത്തനങ്ങളിൽ കൂടുതൽ വേഗതയും കൃത്യതയും ഉറപ്പാക്കുമെന്നും തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മെഡൽ ജേതാക്കൾക്കുള്ള സാമ്പത്തിക പാരിതോഷികം നൽകുന്നതിനുള്ള ഫയൽ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഒക്ടോബർ 13ന് ജി.വി. രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ താരങ്ങൾക്ക് പാരിതോഷികം വിതരണം ചെയ്യും.
സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും വൈകാതെ നടപ്പാക്കുകയാണ് സർക്കാരിൻ്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.