തിരുവനന്തപുരം പാളയത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സംഘർഷം. മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ എംപിയും നയിച്ച മാർച്ചിന് നേരെ ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആവശ്യത്തിന് പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽനിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇതിനിടെ പ്രവർത്തകർ കത്തിച്ച തീപ്പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതായും ആരോപണമുണ്ട്.

എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആരോപണം. വൈദ്യുതി മുടങ്ങിയ സമയത്ത് ഹോസ്റ്റലിനുള്ളിൽനിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും മാർച്ച് കടന്നുപോകുന്നതിനിടെ പ്രവർത്തകർ അസഭ്യം പറയുകയും ബിയർ കുപ്പികളും തീപ്പന്തങ്ങളും ഹോസ്റ്റലിലേക്ക് എറിയുകയും ചെയ്തെന്നും വിദ്യാർഥികൾ ആരോപിച്ചു.

ഹോസ്റ്റൽ വളപ്പിൽ വീണ തീപ്പന്തങ്ങൾ വിദ്യാർഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. തീ അണയ്ക്കാൻ കൂടുതൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വൈദ്യുതി പുനഃസ്ഥാപിച്ചശേഷം മാത്രമേ തീ അണയ്ക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് വിദ്യാർഥികൾ.

സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Posts