ബെംഗളൂരുവിൽ ട്രെക്കിങ്ങിന് പോകുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.30ഓടെ വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ തുമക്കൂരു റോഡിൽ പാർലെ-ജി ഗേറ്റിന് സമീപമായിരുന്നു അപകടം.

ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബികോം വിദ്യാർഥിയായ ഭവിഷ്യ ശർമ (19) ആണ് മരിച്ചത്. ദുബായിയിൽ താമസമാക്കിയ മാതാപിതാക്കളുടെ മകനായ ഭവിഷ്യ ബെംഗളൂരുവിലെ ഹോസ്റ്റലിലായിരുന്നു താമസം. പരിക്കേറ്റ അനുഷ്ക (19) ബിഎസ്‌സി വിദ്യാർഥിനിയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

പൊലീസ് പറയുന്നതനുസരിച്ച്, നാല് ബൈക്കുകളിലായി എട്ട് വിദ്യാർഥികൾ കോറമംഗലയിൽ നിന്ന് ശിവഗംഗയിലേക്ക് ട്രെക്കിങ്ങിനായി പുറപ്പെട്ടതായിരുന്നു. പാർലെ-ജി ഗേറ്റിന് സമീപമെത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ലോറി ഭവിഷ്യ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൻ്റെ വലതുവശത്തേക്ക് തെറിച്ചുവീണ ഭവിഷ്യ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് സംഭവസ്ഥലത്തുതന്നെ മരിച്ചു. അനുഷ്ക റോഡിൻ്റെ ഇടതുവശത്തേക്ക് തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പീനിയ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. അപകടമുണ്ടാക്കിയ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts