മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

യാത്രയ്ക്കിടെ കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ കാറിലാകെ പടർന്നു. വിവരമറിഞ്ഞ് ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് ചുരംപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സവും നേരിട്ടു.

വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. കാറിൻ്റെ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരികയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

Related Posts