അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് 38കാരനായ ജയ് ഷായുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്. 2024 ഡിസംബറിലാണ് മുൻ ബിസിസിഐ സെക്രട്ടറി കൂടിയായ അദ്ദേഹം ആദ്യമായി ഐസിസി ചെയർമാൻ സ്ഥാനത്തെത്തിയത്.
ആഗോളതലത്തിൽ ക്രിക്കറ്റിൻ്റെ വളർച്ചയും ആരാധകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും വാണിജ്യ സാധ്യതകളും നിർണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ജയ് ഷായുടെ നേതൃത്വം തുടരുന്നത് കായികരംഗത്തിന് ഗുണകരമാകുമെന്ന് ഐസിസി ബോർഡ് വിലയിരുത്തി.
2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സ് വേദിയിലെത്തുന്നതും ദീർഘകാല മത്സര കലണ്ടറിൻ്റെ പ്രഖ്യാപനവും പുതിയ കാലാവധിയിലെ പ്രധാന വെല്ലുവിളികളായിരിക്കും. വനിതാ ക്രിക്കറ്റിൻ്റെ വളർച്ച, അസോസിയേറ്റ് അംഗരാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കൽ, അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ വിശ്വാസ്യത സംരക്ഷിക്കൽ എന്നിവയ്ക്കും മുൻഗണന നൽകും.
രണ്ടാം തവണയും തന്നെ വിശ്വാസത്തിലെടുത്ത ഐസിസി ബോർഡിന് ജയ് ഷാ നന്ദി അറിയിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കാലഘട്ടത്തിലൂടെയാണ് കായികരംഗം കടന്നുപോകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 2028ലെ ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിൻ്റെ തിരിച്ചുവരവ് പുതിയ പ്രേക്ഷകരിലേക്ക് കളിയെ എത്തിക്കാനും പുതിയ തലമുറയിലെ താരങ്ങളെയും ആരാധകരെയും സൃഷ്ടിക്കാനും വലിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റുകളുടെ വിജയകരമായ നടത്തിപ്പിനൊപ്പം താരങ്ങൾക്കും ആരാധകർക്കും വാണിജ്യ പങ്കാളികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ക്രിക്കറ്റിൻ്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ജയ് ഷാ വ്യക്തമാക്കി.
ജയ് ഷായുടെ നേതൃത്വത്തിൽ ക്രിക്കറ്റിൻ്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതിയ മാറ്റങ്ങളും വാണിജ്യ സാധ്യതകളും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റിച്ചാർഡ് തോംസൺ അഭിപ്രായപ്പെട്ടു.
വനിതാ ക്രിക്കറ്റിൻ്റെ വളർച്ചയ്ക്കും വനിതാ താരങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനും രണ്ടാം ഊഴം സഹായകമാകുമെന്ന് ഐസിസി ഇൻഡിപെൻഡന്റ് ഡയറക്ടർ ഡോ. റോസ് റിവാസ് പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ അംഗരാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ജയ് ഷാ മികച്ച നേതൃത്വം നൽകിയെന്ന് ഐസിസി ഡെപ്യൂട്ടി ചെയർമാനും സിംബാബ്വെ ക്രിക്കറ്റ് ചെയർമാനുമായ തവെങ്വ മുകുഹ്ലാനിയും പറഞ്ഞു.
2027ലെ ഏകദിന ലോകകപ്പ് ആഫ്രിക്കൻ ക്രിക്കറ്റിൻ്റെ വളർച്ചയിൽ നിർണായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ആഗോള കായിക വേദികളിൽ ക്രിക്കറ്റിൻ്റെ സാന്നിധ്യം ശക്തമാക്കാനും അസോസിയേറ്റ് രാജ്യങ്ങൾക്ക് കൂടുതൽ മത്സരാവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും ജയ് ഷായുടെ തുടർനേതൃത്വം സഹായിക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ഡയറക്ടർ റോജർ ട്വോസും ഐസിസി അസോസിയേറ്റ് മെമ്പർ ചെയർമാൻ ഗുരുമൂർത്തി പളനിയും പ്രത്യാശ പ്രകടിപ്പിച്ചു.