ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ. കരാർ യാഥാർഥ്യമാകുന്നതോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രത്യേക പരിഗണനയും മറ്റ് മത്സര രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതി തീരുവയും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഈജിപ്ത് സന്ദർശനത്തിനിടെ കെയ്റോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവയുടെ കൃത്യമായ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അമേരിക്കയുടെ പുതിയ തീരുവ നയങ്ങൾക്കനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരികയെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര കരാറിൻ്റെ ആദ്യഘട്ടം ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഡിസംബറിൽ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഈ ചർച്ചയിൽ കരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച് നിർണായക ധാരണയുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ വിജയകരമായി മുന്നോട്ടുപോകുകയാണെന്നും ഇരുരാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കരാറായിരിക്കും യാഥാർഥ്യമാകുകയെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.