കർണാടകയിലെ ബെളഗാവിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ നാലുവയസുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഗോകാക് താലൂക്കിലെ മലദിന്നി ക്രോസിന് സമീപമായിരുന്നു അപകടം.
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് സവദത്തി യെല്ലമ്മ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യരഗട്ടിയിൽ നിന്ന് ഗോകാകിലേക്ക് വരികയായിരുന്ന ലോറിയുമായി കാർ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മരിച്ചവരെ ഓംകാർ ചന്ദ്രശേഖർ മാൻഡ്രെ (26), രേഷ്മ മാൻഡ്രെ (32), ദേവാൻഷ് മാൻഡ്രെ (4) എന്നിങ്ങനെ തിരിച്ചറിഞ്ഞു.
കാറിലുണ്ടായിരുന്ന ശ്രീകാന്ത് മാൻഡ്രെ, വന്ദന മാൻഡ്രെ, ഹർഷദ മാൻഡ്രെ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
വിവരമറിഞ്ഞ് ഗോകാക് റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെത്തുടർന്നുള്ള ഗതാഗത തടസ്സങ്ങളും നിയന്ത്രിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.