പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ (PMAK) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ.സുഷമ ശങ്കർ പരിഭാഷപ്പെടുത്തിയ ‘കന്നഡ ബാലകഥകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കന്നഡ ജാനപദ കഥകളുടെ സമ്പന്നമായ പൈതൃകം മലയാളി ബാലവായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കന്നഡ ജാനപദ സാഹിത്യത്തിൻ്റെ സമ്പന്നമായ പൈതൃകം ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രമുഖ ജാനപദ പണ്ഡിതൻ ജീ. ശം. പരമശിവയ്യയുടെ ‘കന്നഡ ജനപദ കഥെഗളു’ എന്ന 320 പേജുകളുള്ള കൃതിയിൽനിന്ന് തിരഞ്ഞെടുത്ത കഥകളാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 1970-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഏഴാമത്തെ പതിപ്പുവരെ എത്തിയത് അതിൻ്റെ സാഹിത്യപരവും സാംസ്കാരികവുമായ പ്രാധാന്യത്തിന് തെളിവാണ്.
ജനജീവിതത്തിൻ്റെ അനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ജാനപദ കഥകളെ കുട്ടികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ അവതരിപ്പിക്കാനാണ് പരിഭാഷക ശ്രമിച്ചിട്ടുള്ളത്. മൂലകഥകളുടെ ആശയവും സാംസ്കാരികത്തനിമയും പരമാവധി നിലനിർത്തിക്കൊണ്ടാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
കന്നഡ വികസന അതോറിറ്റി പ്രസിഡണ്ട് ഡോ. പുരുഷോത്തമൻ ബിളിമലയുടെ പ്രചോദനവും നിർദേശവും ഈ സംരംഭത്തിന് വഴികാട്ടിയായി. കുട്ടികൾക്കായി ജീ. ശം. പരമശിവയ്യയുടെ കഥകൾ തന്നെ തിരഞ്ഞെടുക്കണമെന്ന അദ്ദേഹത്തിൻ്റെ സ്നേഹപൂർവമായ നിർദേശവും പ്രോത്സാഹനവും പരിഭാഷക നന്ദിയോടെ സ്മരിച്ചു.
കന്നഡ ജാനപദ സാഹിത്യത്തിൻ്റെ അമൂല്യമായ സംഭാവനകൾ മലയാളി കുട്ടികളിലേക്ക് എത്തിക്കുന്നതിന് അവസരമൊരുക്കിയ ബാലസാഹിതി പ്രകാശനോടും കന്നഡ മൂലകൃതി വായനക്കാരിലേക്ക് എത്തിച്ച അരവിന്ദ് ഇന്ത്യ, ബെംഗളൂരു എന്ന പ്രസാധകസ്ഥാപനത്തോടും ഡോ. സുഷമ ശങ്കർ നന്ദി രേഖപ്പെടുത്തി.
ഭാഷകൾക്കതീതമാണ് കുട്ടികളോടുള്ള തൻ്റെ സ്നേഹം. പോറ്റമ്മഭാഷയായ കന്നഡയിലെ നാടോടിക്കഥകൾ പെറ്റമ്മയുടെ ഭാഷയായ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ പ്രേരണയായതും ആ സ്നേഹം തന്നെയാണ്. കുട്ടികളിലാണ് നമ്മുടെ പ്രതീക്ഷ. അവരെ സംസ്കാരസമ്പന്നരായ തലമുറയായി വളർത്തിയെടുക്കാൻ ഭാരതത്തിലെ ഓരോ ഭാഷയിലെയും കഥകൾ വായിക്കാൻ കുട്ടികളെ നാം പ്രോത്സാഹിപ്പിക്കണം. ഇക്കാര്യത്തിൽ ബാലസാഹിതി പ്രകാശൻ പ്രൈവറ്റ് ലിമിറ്റഡ്, ആലുവയുടെ സേവനം ഏറെ അഭിനന്ദനാർഹമാണെന്നും ഡോ. സുഷമ ശങ്കർ കൂട്ടിച്ചേർത്തു