പ്രതിമാസം കുറഞ്ഞത് 15,000 രൂപ ഓണറേറിയം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർണാടകയിലെ ആശാ പ്രവർത്തകർ നവംബർ 17 മുതൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ അനിശ്ചിതകാല സമരം ആരംഭിക്കും. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നത്.

കഴിഞ്ഞ 18 വർഷത്തിലേറെയായി ഗ്രാമീണ, നഗര മേഖലകളിൽ ആരോഗ്യസേവനങ്ങൾ എത്തിക്കുന്നതിൽ ആശാ പ്രവർത്തകർ നിർണായക പങ്കുവഹിക്കുന്നു. ഗർഭിണികൾക്കും കുട്ടികൾക്കും പരിചരണം ഉറപ്പാക്കുക, പ്രതിരോധ കുത്തിവയ്പ്പുകൾക്ക് സഹായിക്കുക, ആരോഗ്യബോധവൽക്കരണം നടത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. എന്നാൽ ജോലിഭാരത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് പരാതി.

നിലവിൽ പ്രതിമാസം ഏകദേശം 8,000 രൂപയാണ് ലഭിക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറയുന്നു. ഒൻപത് വർഷത്തിനിടെ ഓണറേറിയത്തിൽ വർധിച്ചത് 1,500 രൂപ മാത്രമാണെന്നും ആരോപിക്കുന്നു. കുറഞ്ഞത് 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

മൊബൈൽ ഫോണും റീചാർജ് അലവൻസും നൽകുക, ആറുമാസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിക്കുക, കുടിശ്ശികയായ ആനുകൂല്യങ്ങളും ഇൻസെന്റീവുകളും വിതരണം ചെയ്യുക, വിരമിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം നൽകുക, ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ജോലികൾ ഒഴിവാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ

ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പിന്തുണയും സമരത്തിന് അഭ്യർഥിച്ചിട്ടുണ്ട്.

Related Posts