കർണാടകയിലെ കുടകിൽ വച്ച് മലയാളിയായ പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ കുടക് സ്വദേശി മുഖ്യ പ്രതി കുടക് പൊന്നമ്പേട്ട് സ്വദേശി അനിൽ. പ്രദീപിനെ പ്രതികൾ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. വിവാഹം കഴിക്കാനുള്ള പണത്തിനായാണെന്ന് അനിൽ കവർച്ച ആസുത്രണം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. പ്രതി ഇതിനായി ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപിനെ ലക്ഷ്യമിടുകയായിരുന്നു. ഇയാൾ സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസിലാക്കി.
കൃത്യം നടത്താനായി മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പ്രതി പിന്നീട് 4 പേരെ കൂടെക്കുട്ടിയത്. കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവർ സംഭവത്തിൽ ശനിയാഴ്ച അറസ്റ്റിലായിരുന്നു. വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ ഏപ്രിൽ 23 നാണ് കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഘം 13 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. സ്വത്ത് രേഖകളും മൊബൈൽ ഫോണും കവർന്നു.