അവശ്യസാധനങ്ങളുടെയും പാലുൽപന്നങ്ങളുടെയും വില വർധിച്ചതോടെ ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് (PG) താമസസൗകര്യങ്ങളുടെ പ്രതിമാസ വാടക വീണ്ടും ഉയർന്നേക്കും. ഒരാൾക്ക് പ്രതിമാസം 500 രൂപ വരെ വാടക വർധിപ്പിക്കുന്നതിനെക്കുറിച്ച് പിജി ഉടമകൾ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. നാല് മാസത്തിനിടെ രണ്ടാം തവണയാണ് വാടക വർധനയ്ക്ക് നീക്കം നടക്കുന്നത്. ഇതോടെ നഗരത്തിലെ പിജികളിൽ താമസിക്കുന്ന വിദ്യാർഥികൾക്കും ഐടി ജീവനക്കാർക്കും തിരിച്ചടിയാകും.
നന്ദിനി പാലുൽപന്നങ്ങളുടെ വില വർധനയാണ് പിജി ഉടമകളെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. പാൽ, തൈര്, പനീർ എന്നിവയുടെ വില ഉയർന്നതോടെ ഭക്ഷണച്ചെലവ് ഗണ്യമായി വർധിച്ചു. ഒരു പിജിയിൽ 40 മുതൽ 50 വരെ താമസക്കാരുണ്ടെങ്കിൽ പ്രതിദിനം 10–12 ലിറ്റർ പാൽ, തൈര് എന്നിവ ആവശ്യമായി വരും. വില വർധനയോടെ മാത്രം പ്രതിമാസം ഏകദേശം 6,000 മുതൽ 7,000 രൂപ വരെ അധിക ചെലവുണ്ടാകുമെന്നാണ് കണക്ക്.
ശാന്തിനഗറിലെ പിജികളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം പനീർ വിഭവങ്ങൾ നൽകുന്നുണ്ട്. പാൽ, തൈര് എന്നിവയും ദിവസവും നൽകുന്നു. എന്നാൽ ചെലവ് വർധിച്ചതോടെ ഭക്ഷണത്തിൻ്റെ അളവോ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണമോ കുറയ്ക്കേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്.
മറാത്തഹള്ളിയിൽ മൂന്ന് പിജികൾ നടത്തുന്ന ഉടമയും പനീറിൻ്റെ വില വർധന വലിയ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വാടക വർധന സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
- അടിസ്ഥാന സൗകര്യങ്ങളുള്ള ബെഡ്: 5,000 രൂപ.
- ശരാശരി സൗകര്യങ്ങളുള്ള ബെഡ്: 8,000–9,000 രൂപ.
- ആഡംബര പിജികൾ: 20,000 രൂപ വരെ.
ഓഗസ്റ്റ് ഒന്നുമുതൽ നേരത്തെ തന്നെ വാടക വർധിപ്പിച്ചിരുന്നു. മൂന്നും നാലും പേർ താമസിക്കുന്ന മുറികൾക്ക് 500 രൂപയും ഒന്നും രണ്ടും പേർ താമസിക്കുന്ന മുറികൾക്ക് 1,000 രൂപയുമാണ് അന്ന് കൂട്ടിയത്.
പാചകവാതക സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള ചെലവ് രണ്ട് മാസത്തിനിടെ 1,800 രൂപയിൽ നിന്ന് 3,300 രൂപയായി ഉയർന്നതായി പിജി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. അരിയുടെ ഒരു ചാക്കിന് 400 രൂപയും പാചക എണ്ണയുടെ ഒരു ബോക്സിന് 500 രൂപയും വർധിച്ചു. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം, ശുചീകരണം, ലിഫ്റ്റ്, ജനറേറ്റർ, ബോർവെൽ തുടങ്ങിയവയുടെ പരിപാലനച്ചെലവും ഉയർന്നിട്ടുണ്ട്.
വർക്ക് ഫ്രം ഹോം സംവിധാനം തുടരുന്നതിനാൽ നഗരത്തിലെ പല പിജികളിലും ശരാശരി 70 ശതമാനം മാത്രമാണ് താമസക്കാരുള്ളതെന്ന് പിജി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് അരുണ് കുമാർ ഡിടി ചൂണ്ടിക്കാട്ടി. താമസക്കാർ കുറവായിരിക്കുമ്പോഴും ഭക്ഷണത്തിന്റെ ഗുണനിലവാരം നിലനിർത്തേണ്ടത് ഉടമകൾക്ക് സാമ്പത്തിക സമ്മർദമുണ്ടാക്കുന്നുണ്ട്.
അതേസമയം, മഹാദേവപുരയിലെ ചില പിജികളിൽ പനീറിന് പകരം സോയ ചങ്ക്സ് നൽകാനും തൈര് വിതരണം ദിവസത്തിൽ ഒരുതവണയായി കുറയ്ക്കാനും തുടങ്ങിയതായി താമസക്കാർ പരാതിപ്പെടുന്നു.
വിലക്കയറ്റത്തിൻ്റെ ഭാരം പിജി ഉടമകളിൽ മാത്രം ഒതുങ്ങാതെ ബെംഗളൂരുവിലെ വിദ്യാർഥികളുടെയും ഐടി ജീവനക്കാരുടെയും പ്രതിമാസ ബജറ്റിനെയും ബാധിക്കുകയാണ്. വാടക വീണ്ടും വർധിച്ചാൽ നഗരത്തിലെ താമസച്ചെലവ് ഇനിയും ഉയരും.