ചാലയിലെ വൈഷ്ണവി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ച നടന്ന വൈഷ്ണവി ജ്വല്ലറിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന മാളവിക ജ്വല്ലറിയുടെ ഉടമ ജയറാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കവർച്ചയുമായി ജയറാമിന് ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ട് ദിവസം മുമ്പ് ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കേസിലെ മറ്റ് പ്രതികളുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ അനിൽ, ആന്റണി വിനോദ്, മണക്കാട് സ്വദേശി അനൂപ്, കാട്ടാക്കട സ്വദേശി രാജീവ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രധാന പ്രതികൾ.

പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Posts