തമിഴ്നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകിക്ക് വീട് നിർമിച്ചുനൽകുന്നതിനായാണ് മുഖ്യപ്രതി നിഷാന്ത് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സുഹൃത്തായ മീനാക്ഷിക്ക് വേണ്ടിയാണ് നിഷാന്ത് കവർച്ച നടത്തിയതെന്നും ആസൂത്രണത്തിൽ മീനാക്ഷിക്കും പങ്കുണ്ടെന്നും പൊലീസ് പറയുന്നു. ഒളിവിൽ കഴിയുന്ന നിഷാന്തിനായി തിരച്ചിൽ തുടരുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ചത് തിരുപ്പൂരിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മീനാക്ഷി ഉൾപ്പെടെ രണ്ടുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. മുഖ്യപ്രതിയായ ടാക്സി ഡ്രൈവർ നിഷാന്തിൻ്റെ അച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണത്തെക്കുറിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കവർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്.

കവർച്ചയ്ക്ക് മുമ്പ് നിഷാന്ത് മൂന്ന് ദിവസത്തോളം ജ്വല്ലറിയിലെത്തി നിരീക്ഷണം നടത്തിയിരുന്നതായി സംശയിക്കുന്നു. മങ്കി ക്യാപ് ധരിച്ച് ജ്വല്ലറിയിലെത്തിയ ഇയാൾ ആഭരണങ്ങൾ കൈയിലെടുത്ത് പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മോഷണം നടന്ന വ്യാഴാഴ്ച പുലർച്ചെ 3.34ന് സംശയാസ്പദനായ ഒരാൾ ഇരുചക്രവാഹനത്തിൽ പോകുന്നതിൻ്റെ ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. വാഹനം നഗരത്തിന് പുറത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെ പ്രതി പ്രദേശവാസിയാകാമെന്ന സംശയം ബലപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് നിഷാന്തിനെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.

അറസ്റ്റിലായ മീനാക്ഷി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. എൻടികെ നേതാവ് ദുരൈമുരുകനും ചില പ്രതിപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളുമാണ് ആരോപണം ഉന്നയിച്ചത്. ടിവികെ പതാകയുമായി മീനാക്ഷി നിൽക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.

എന്നാൽ ആരോപണങ്ങൾ ടിവികെ നിഷേധിച്ചു. പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണെന്നും വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

നിഷാന്തിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ ഇന്നലെ രാത്രി പൊലീസ് എത്തിയെങ്കിലും നിഷാന്ത് ചെന്നൈയിലേക്ക് പോയെന്നാണ് വീട്ടുകാർ അറിയിച്ചത്. മൊബൈൽ ഫോൺ അവസാനമായി തിരുപ്പൂരിൽ പ്രവർത്തിച്ചതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലും അന്വേഷണം തുടരുകയാണ്.

കവർച്ചയുടെ ആസൂത്രണം, മീനാക്ഷിയുടെ പങ്ക്, ഒളിവിൽ കഴിയുന്ന നിഷാന്തിൻ്റെ നീക്കങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Related Posts