ഗുജറാത്തിലെ സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തം അപകടമല്ലെന്നും പ്രതികാര നടപടിയായിരുന്നെന്നും പൊലീസ്. കടയുടമയുമായുള്ള ₹10,000 ശമ്പളത്തർക്കത്തെ തുടർന്നാണ് മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്ലെ തീകൊളുത്തിയതെന്നാണ് കണ്ടെത്തൽ. തീപിടിത്തത്തിൽ 14 കടകളിലായി ഏകദേശം ₹24 കോടിയുടെ തുണിത്തരങ്ങൾ കത്തിനശിച്ചു.
ജോലി ഉപേക്ഷിച്ച ശേഷം ബാക്കിയുള്ള ₹10,000 ശമ്പളം ആവശ്യപ്പെട്ടപ്പോൾ കടയുടമ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ് പൊലീസിനോട് പറഞ്ഞു. പെട്രോൾ വാങ്ങി മാർക്കറ്റിലെത്തിയ ഇയാൾ ആളൊഴിഞ്ഞ സമയത്ത് ലക്ഷ്യമിട്ട കടയ്ക്ക് സമീപമുള്ള തുണികളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഭാര്യയെയും കുട്ടിയെയും കൂട്ടി സൂറത്ത് വിട്ട ഇയാൾ രാജസ്ഥാനിലേക്കും പിന്നീട് അയോധ്യയിലേക്കും പോയി. സൂറത്തിലേക്ക് തിരിച്ചെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.