ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജന്തർ മന്തറിൽ പ്രവേശിച്ചെന്നും പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സൗരവ് ദാസ് സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. യുവതലമുറയ്ക്ക് ഇത് ഒരു സന്ദേശമാണെന്നും പ്രതിഷേധവുമായി മുന്നോട്ടുപോകാൻ കഴിയുമെന്നും അദ്ദേഹം കുറിച്ചു.
ദേശീയ പതാകയുമായി പാർട്ടി പ്രവർത്തകർ ജന്തർ മന്തറിൽ പ്രവേശിച്ചെന്നും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും എക്സിലെ പോസ്റ്റിൽ അവകാശപ്പെട്ടു.
ഇന്ത്യാ സഖ്യത്തിൻ്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ദിപ്കെ, ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് നീക്കിയത് പ്രതിഷേധങ്ങളെ തടയാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. ജന്തർ മന്തർ പ്രതിഷേധ വേദിയല്ലാതായാലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ഒരു സ്ഥലത്തെക്കുറിച്ചല്ല, മറിച്ച് പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ചാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.