മുലിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ മൊയ്തു–ജമീല ദമ്പതികളുടെ മകൻ ഹൈദർ അലി (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

കാട്ടിപ്പള്ളത്തെ ഗ്രൗണ്ടിൽ സ്കൂട്ടറിൽനിന്ന് വീണുകിടക്കുന്ന നിലയിലാണ് ഹൈദർ അലിയെ കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു റൈഫിളും കണ്ടെടുത്തു. തലയിൽ വെടിയേറ്റ നിലയിലായിരുന്നു യുവാവ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്ത് മുഹമ്മദ് റമീസ് ഹൈദർ അലിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ റൈഫിളിനെക്കുറിച്ചും തോക്കിൻ്റെ ഉപയോഗത്തെക്കുറിച്ചും പൊലീസ് പരിശോധന നടത്തിവരികയാണ്.

നേരത്തെ ദുബായിലായിരുന്ന ഹൈദർ അലി അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടർന്ന് ബോവിക്കാനത്ത് ടെക്സ്റ്റൈൽ ഷോപ്പ് ആരംഭിച്ചിരുന്നു.

ഷാഫി (ദുബായ്), ഖദീജ, നസീറ എന്നിവരാണ് സഹോദരങ്ങൾ.

Related Posts